ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രം കാണാന്‍ എത്തിയവരുടെ മുഖത്തെല്ലാം ഒരാകാംക്ഷയും ആവേശവുണ്ടായിരുന്നു, മണിച്ചിത്രത്താഴിലൂടെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ, അല്ല അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ 20 വര്‍ഷത്തിന് ശേഷം വീണ്ടും കാണാം എന്ന പ്രതീക്ഷ.
ഗീതാഞ്ജലി എന്ന ചിത്രം അനൗണ്‍സ് ചെയ്തതുമുതല്‍ അത് മാത്രമായിരുന്നു മോഹന്‍ലാല്‍ ഫാന്‍സിന്റെയും പ്രതീക്ഷ. എന്നാല്‍ ആദ്യമെ പറയട്ടെ സണ്ണിയെന്ന മോഹന്‍ലാലിന് അതിഥി വേഷം മാത്രമാണ് ചിത്രത്തില്‍ ഗീതാഞ്ജലി കണ്ടിറങ്ങിയവരുടെ മുഖത്തെല്ലാം നിസ്സംഗഭാവമായിരുന്നു. ഭയമോ ചിരിയോ സംതൃപ്തിയോ ഒന്നുമുണ്ടായില്ല. മറിച്ച് ഒരു ശരാശരി ചിത്രം,
ഇതിനായിരുന്നു ഇത്രയും പുകിലെന്ന വേവലാതി. പ്രിയാമണി അഭിനയിച്ച ചാരുലതയുടെയും കാവ്യാമാധമവന്‍ ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിന്റെയും പിന്നെ എലോണ്‍ എന്ന തായ് ചിത്രത്തിന്റെയും സമ്മിശ്ര രൂപം മാത്രമാണ് ഗീതാഞ്ജലി എന്ന് പറയുന്നതാവും ശരി. അല്ലാതെ പുതുമ അവകാശപ്പെടാന്‍ ചിത്രത്തില്‍ ഒന്നു തന്നെയില്ല.
അനൂപിന്റെയും(നിഷാന്‍) അഞ്ജലിയുടെയും(കീര്‍ത്തി) പ്രണയത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മുംബൈയില്‍ ഒരുമിച്ച് ജോലിചെയ്യുന്ന അഞ്ജലിയുടെയും അനൂപിന്റെയും മനോഹരമായ പ്രണയത്തിന് ഭംഗംവരുത്തി നാട്ടില്‍ നിന്നിന്നൊരു ഫോണ്‍കോള്‍. അഞ്ജലിയുടെ അമ്മ (സീമ)യ്ക്ക ഒരു അപകടം പറ്റി, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അടുത്ത ഫ്‌ളൈറ്റില്‍ ഇരുവരും കേരളത്തിലേക്ക്. കട്ട് ടു കേരള.
അവിടെയാണ് ഗീതയെ പരിചയപ്പെടുത്തുന്നത്. ഗീതയും അഞ്ജലിയും ഇരട്ട സഹോദരങ്ങളാണ്. കാഴ്ചയിലും ഒരേപോലെ. പ്രേക്ഷകര്‍ക്കെന്നപോലെ കാമുകനും കണ്‍ഫ്യൂഷനാക്കികൊണ്ടാണ് പിന്നെ ആ പ്രണയം പറയുന്നത്. സ്‌കൂള്‍ പഠനകാലം മുതല്‍ മൂവരും ഒന്നിച്ചാണ്. അനൂപും അഞ്ജലിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഗീത അനൂപിനെ പ്രണയിക്കുന്നു. ഒടുവില്‍ സഹോദരിമാര്‍ക്കിടയില്‍ അടിപിടിയുണ്ടാകുകയും ഗീത കൊല്ലപ്പെടുകയും ചെയ്യുന്നു.
ഇനിയാണ് സണ്ണിയുടെയും പ്രേതത്തിന്റെയും രംഗപ്രവേശം. അങ്ങനെ നകുലന്‍(ഗംഗയുടെ നകുലേട്ടന്‍ , സുരേഷ്‌ഗോപി) വഴി അനൂപ് സണ്ണിയെ ക്ഷണിക്കുന്നു. അവിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം. രണ്ടാം ഭാഗം പറയണമെന്നില്ല. നേരത്തെ പറഞ്ഞ മൂന്ന് ചിത്രങ്ങള്‍ തന്നെ ബാക്കി ഭാഗം. ഗീതയാണോ അഞ്ജലിയാണോ മരിച്ചതെന്നതാണ് സത്യത്തില്‍ അന്വേണം.
കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണെങ്കില്‍, മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒരുകാലത്ത് ലാല്‍ അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ വികൃതമാക്കുകയും ചെയ്തു. ഗീതാഞ്ജലിയായെത്തിയ കീര്‍ത്തിക്കാകട്ടെ ശരാശരി അഭിനയം മാത്രമെ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞുള്ളൂ. ഇന്നസെന്റിന്റെ രണ്ടാം വരവുകൊണ്ടും പ്രയോജനമുണ്ടായില്ല. ചുരുക്കി പറഞ്ഞാല്‍ പാത്രസൃഷ്ടിയിലെ ആത്മാര്‍ത്ഥയില്ലായ്മ മുഴച്ചു നില്‍ക്കുന്നു. പിന്നെ ചോദിച്ചാല്‍ നിഷാലും സിദ്ദിഖും താര്യതമ്യേനെ മികച്ച പ്രകടനം കാഴ്ച വച്ചു. ഹരിശ്രീ അശോകനും ഗണേഷിനൊന്നും പറയത്തക്ക വിശേഷണമൊന്നുമില്ല.