സച്ചിന് തെണ്ടുല്‍ക്കറുടെ സൂര്യശോഭയുള്ള കായികജീവിതത്തിന് സമാദരമായി ഭാരതരത്‌ന പുരസ്‌കാരം.
കളിക്കളത്തില്‍നിന്ന് സച്ചിന്‍ വിടപറഞ്ഞ നാളില്‍ത്തന്നെ അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിഖ്യാത രസതന്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍. റാവുവിനും ഭാരതരത്‌ന ബഹുമതി നല്‍കും. ബാംഗ്ലൂര്‍ സ്വദേശിയായ പ്രൊഫ. റാവു ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശകസമിതിയുടെ തലവനാണ്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ വിരമിക്കല്‍ മത്സരം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകമാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി അദ്ദേഹത്തിന് നല്‍കാനുള്ള തീരുമാനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരമാണ് നാല്പതുകാരനായ സച്ചിന്‍; ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും.
സാധാരണ റിപ്പബ്ലിക് ദിനത്തലേന്നാണ് ഭാരതരത്‌ന പ്രഖ്യാപിക്കുക. സച്ചിനോടുള്ള ആദരവായാണ് അദ്ദേഹം വിരമിച്ച ദിനംതന്നെ ബഹുമതി പ്രഖ്യാപിച്ചത്.
''അസാമാന്യനായ ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലോകമെമ്പാടും കോടിക്കണക്കിനാളുകളെ പ്രചോദിപ്പിച്ച ജീവിക്കുന്ന ഇതിഹാസം. 16 വയസ്സില്‍ തുടങ്ങി, 24 വര്‍ഷമായി ലോകം മുഴുവന്‍ ക്രിക്കറ്റ് കളിച്ച് രാജ്യത്തിനുവേണ്ടി അദ്ദേഹം ബഹുമതികള്‍ നേടി. ലോക കായികരംഗത്ത് ഇന്ത്യയുടെ യഥാര്‍ഥ അംബാസഡറാണ് അദ്ദേഹം'' - രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തേ, പദ്മശ്രീ (1999), പദ്മവിഭൂഷന്‍ (2008) എന്നീ ബഹുമതി നല്‍കി രാജ്യം സച്ചിനെ ആദരിച്ചിരുന്നു. നിലവില്‍ രാജ്യസഭാംഗമാണ് സച്ചിന്‍. ഭാരതരത്‌ന ബഹുമതി തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സച്ചിന്‍ പറഞ്ഞു.
മെറ്റീരിയല്‍ കെമിസ്ട്രിയില്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ആദരിക്കപ്പെടുന്ന പ്രതിഭയാണ് ഭാരതരത്‌ന ബഹുമതിക്ക് അര്‍ഹനായ പ്രൊഫ. ചിന്താമണി നാഗേശ രാമചന്ദ്ര റാവുവെന്ന സി.എന്‍.ആര്‍. റാവു. എഴുപത്തിയൊമ്പതുകാരനായ അദ്ദേഹം 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതരത്‌നയുടെ ചരിത്രത്തില്‍ ആ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശാസ്ത്രജ്ഞനാണ് റാവു. സി.വി. രാമനും എ.പി.ജെ. അബ്ദുല്‍ കലാമുമാണ് മറ്റ് രണ്ടുപേര്‍.
രസതന്ത്രമേഖലയിലെ സംഭാവന പരിഗണിച്ച് ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഫെലോഷിപ്പുകളും പ്രൊഫ. റാവുവിന് ലഭിച്ചിട്ടുണ്ട്. പദ്മശ്രീയും പദ്മവിഭൂഷണും (2013) നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.
കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കായിരുന്നു ഇതുവരെ ഭാരതരത്‌ന നല്‍കിയിരുന്നത്. സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന മുറവിളിയുയര്‍ന്നപ്പോള്‍ കായികരംഗത്തെക്കൂടി ഈ വര്‍ഷം പട്ടികയില്‍ പെടുത്തുകയായിരുന്നു. 2008-നുശേഷം ആര്‍ക്കും ഭാരതരത്‌ന നല്‍കിയിട്ടില്ല. ഹിന്ദുസ്ഥാനി ഗായകന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിക്കാണ് ആ വര്‍ഷം ബഹുമതി ലഭിച്ചത്. സച്ചിനെയും പ്രൊഫ. റാവുവിനെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിനന്ദിച്ചു.