Sunday, 17 November 2013

അത്ര പ്രശ്‌നമാണോ ഈ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

Click Here



കസ്തൂരിരംഗന്‍ സാര്‍ പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത്രയൊക്കെ കാര്യങ്ങളേ പറയുന്നുള്ളൂ..

1. ഖനനം-ക്വാറികള്‍-മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല

 2. താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്

 3. 20,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കരുത്.

 4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല.

 5. ചുവപ്പ് ഗണത്തില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല


 മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സാധാരണക്കാരായ കര്‍ഷകരേയോ ജനങ്ങളേയോ ബാധിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഏപ്രില്‍ 17 ന് മുമ്പ് നല്‍കിയ അപേകഷകളാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെ നോക്കിയിട്ടല്ല അതിന് അനുമതി നല്‍കേണ്ടതെന്നും പറയുന്നു. 

പിന്നെ ആര്‍ക്കാണിപ്പോള്‍ ഇത്രയും വലിയ പ്രശ്‌നം. നാട്ടില്‍ ഖനനം നടത്തുന്നതും ക്വാറികള്‍ നടത്തുന്നതും മണലെടുക്കുന്നതും എല്ലാം സര്‍ക്കാര്‍ അനുമതിയോടെയാണ് എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ പോലും വിശ്വസിക്കില്ല. ഈ പറയുന്ന പാര്‍ട്ടിക്കാരുടെ എല്ലാം സപ്പോര്‍ട്ട് കൊണ്ടൊക്കെതന്നെയാണ് ഇത്രയും നാളും നമ്മുടെ പ്രകൃതിയെ കാര്‍ന്ന് കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നത്. ഇരുപതിനായിരം ചതുരശ്ര അടിയില്‍ കെട്ടിടം ഉണ്ടാക്കാന്‍ സാധാരണക്കാരനായ ഒരു കര്‍ഷകന് എന്തായാലും കഴിയില്ല. മലമുകളിലോ മലയോരത്തോ അങ്ങനെ ഒന്ന നിര്‍മ്മിക്കേണ്ട കാര്യം അവനൊട്ട് ഇല്ല താനും. 

പിന്നെ ആര്‍ക്ക് വേണ്ടിയാ ഈ പാര്‍ട്ടികളും പള്ളിക്കാരും ഈ കരയുന്നത്. കളളപ്പണക്കാര്‍ക്കും മുതലാളിമാര്‍ക്കും വേണ്ടിയോ...? എന്തായാലും താപോര്‍ജ്ജ നിയമൊന്നും തുടങ്ങാന്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് കഴിയില്ല. ചുവപ്പ് വിഭാഗത്തില്‍ പെട്ട വ്യവസായ ശാലകള്‍ തുടങ്ങാനും കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് പാങ്ങില്ല. എന്നാലും പാര്‍ട്ടിക്കാരും പള്ളിക്കാരും പറയും ഈ റിപ്പോര്‍ട്ട് കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരെയാണെന്ന്. ഒരു കാര്യം സമ്മതിക്കാം... 

കേരളത്തിലെ ഏതാണ്ട് മൂന്നിലൊന്ന് പ്രദേശവും ഈ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരും. ഇതി അത്രമാത്രം തെറ്റാണോ... ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടം ഇപ്പോള്‍ 60 ശതമാനവും കയ്യേറി നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത എന്തേ ആളുകള്‍ മനസ്സിലാക്കുന്നില്ല. ശേഷിക്കുന്ന 40 ശതമാനമെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറയുടെ അവസ്ഥ എന്താകും. വന്യ ജീവികളുടെ സ്ഥിതി എന്താകും? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ സമരം ചെയ്യുന്നവര്‍ ഒരുക്കമല്ല. സ്‌നേഹത്തിന്റെ മതം പ്രചരിപ്പിക്കുന്നവരാണ്, വൈദികര്‍ സഹിതം നിരത്തിലിറങ്ങി അക്രമ സമരം നടത്തുന്നത്. അക്രമ സമരങ്ങളുടെ പേരില്‍ തങ്ങള്‍ തന്നെ ഏറെ ക്രൂശിച്ച ദൈവ വിരോധികള്‍ക്കൊപ്പമാണ് ഈ സമരം എന്നതും ഓര്‍ക്കണം. വര്‍ഗ്ഗ സമരത്തില്‍ പാരിസ്ഥിതിക കാഴ്ചപ്പാചടുകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ മഹാന്റെ പേരിലുള്ള പാര്‍ട്ടിയും ഒട്ടും മോശമല്ല. 


സാധാരണക്കാരെ കാര്യമായി ബാധിക്കില്ല എന്ന് ഉറപ്പുള്ള ഈ നിയമത്തിനെതിരെ മതത്തിന്റേയും പാര്‍ട്ടിയുടേയും പേരില്‍ രംഗത്തിറങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വന്‍കിടക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രം ഭാവിയില്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന ഒരു നിയമത്തിനെതിരെ സമരം ചെയ്യുന്നവരുടെ ലക്ഷ്യം വ്യക്തവും ആണ്. സത്യത്തില്‍ ഈ നിയമം പശ്ചിമ ഘട്ടത്തെ എങ്ങനെ സംരക്ഷിക്കും എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത് . നിലവില്‍ തുടരുന്ന എല്ലാ ചൂഷണ സംവിധാനങ്ങളും തുടരാന്‍ അനുവദിക്കുന്ന നിയമം കൊണ്ട് എന്താണ് കാര്യം.

Movies

Arts

Books