Monday, 3 March 2014

ആറന്മുള ഒരു ടെസ്റ്റ്‌ഡോസ്

കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നിന്നെത്തിയ കുമ്പനാട്ടുകാരനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. ”കോണ്‍ഗ്രസുകാരനായ താനെന്തിനാ ഈ ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നത്? കൊച്ചിയില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ കുറഞ്ഞത് രണ്ടു മണിക്കൂറെടുക്കും, ആറന്മുളയില്‍നിന്ന് 15 മിനിട്ടുകൊണ്ട് വീട്ടിലെത്താം.”
ആറന്മുള വിമാനത്താവളത്തെപ്പറ്റി മധ്യതിരുവിതാംകൂറിലെ വിദേശമലയാളികള്‍ക്കിടയില്‍ പടര്‍ന്നിട്ടുള്ള ധാരണയാണ് ചോദ്യത്തിന് അടിസ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അയാളോട് ചോദിച്ചു, ”നിങ്ങള്‍ വാഷിംഗ്ടണില്‍ നിന്നും എന്തു വിമാനത്തിലാണ് വന്നത്?” ”ജറ്റില്‍”.

വാഷിംഗ്ടണിലെ കെന്നഡി വിമാനത്താവളത്തിന് എന്ത് വിസ്തൃതി കാണും. ”കുറഞ്ഞത് ഒരു പതിനായിരം ഏക്കര്‍”. ഈ ആറന്മുള വിമാനത്താവളം നിര്‍മിക്കുമെന്ന് പറയുന്ന സ്ഥലത്തിന്റെ വിസ്തൃതി എത്രയാണെന്ന് അറിയാമോ? മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എല്ലാം കൂടി 500 ഏക്കര്‍ നല്‍കുമെന്ന്. ഞാന്‍ ചോദിച്ചു, ”കൊച്ചി വിമാനത്താവളത്തിന് എന്തുമാത്രം വിസ്തൃതിയുണ്ടെന്ന് അറിയാമോ?” ”അതൊന്നും എനിക്ക് അറിഞ്ഞുകൂടാ” ഞാന്‍ പറഞ്ഞു.

ജറ്റു പോലുള്ള വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്കെല്ലാം 3500 ഉം അതിലധികവും ഏക്കര്‍ വിസ്തീര്‍ണമുണ്ട്. അവയ്ക്കാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പറയുന്നത്. അപ്പോള്‍ ഈ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? നാട്ടില്‍ രണ്ടുമുറി പീടികയില്‍ ചായക്കട നടത്തിയിരുന്ന വാസുപിള്ള അത് ഹോട്ടലാക്കിയപ്പോള്‍ പിള്ളാസ് ഹോട്ടല്‍ ഇന്റര്‍നാഷണല്‍ എന്ന ബോര്‍ഡ് വച്ച് കഥ ഞാന്‍ പറഞ്ഞു. അവന് കാര്യം പിടികിട്ടി.

ഞാന്‍ പറഞ്ഞു, ”ആറന്മുള വിമാനത്താവളത്തിന്റെ ചരിത്രം ഇതാണ്. ഒരു വസ്തു കച്ചവടക്കാരന്‍ ആറന്മുളയിലെ തരിശായി കിടക്കുന്ന കുറേ ഏക്കര്‍ നിലം വാങ്ങുന്നു. ഈ നിലങ്ങള്‍ക്കിടയില്‍ തോടും ചാലുമായി കിടന്ന പുറമ്പോക്ക് ഭൂമി കൂടി കൈവശപ്പെടുത്തുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഭൂമി കച്ചവടത്തിനപ്പുറമുള്ള ഗൗരവമൊന്നും ഈ ഘട്ടത്തില്‍ ഗ്രാമവാസികള്‍ ഈ ഇടപാടില്‍ കാണുന്നില്ല. അയാള്‍ ഭൂമിയുടെ ചില ഭാഗങ്ങള്‍ നികത്താനാരംഭിച്ചപ്പോള്‍ ഗ്രാമവാസികള്‍ ശ്രദ്ധിക്കുന്നു.
താന്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സംരംഭകനാണെന്നും തന്റെ എഞ്ചിനീയറിങ് കോളേജിന്റെ എയ്‌റോനോട്ടിക് വിഭാഗം ആരംഭിക്കുന്നതിനാണ് സ്ഥലം വാങ്ങിയതെന്നും അയാള്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ഗ്രാമവാസികള്‍ക്ക് തോന്നിയത് സന്തോഷമാണ്. തങ്ങളുടെ ഗ്രാമത്തില്‍ എന്തോ വലിയ വികസനം നടക്കാന്‍ പോകുന്നു എന്നവര്‍ കരുതി.

എന്നാല്‍ ഭൂമി മണ്ണിട്ടു നികത്തുന്നതിനെതിരെ അധികാരികള്‍ നടപടി എടുക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ കൈവശം വയ്ക്കാവുന്നതിലധികം ഭൂമി തന്റെ കൈയിലുണ്ടെന്നും അത് കൈമാറ്റം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുമെന്നും മനസ്സിലാവുകയും ചെയ്തപ്പോള്‍ അയാള്‍ ഭൂമി മുഴുവന്‍ കുറേക്കൂടി വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് വില്‍ക്കുന്നു. നാലഞ്ചുകോടി മുതല്‍ മുടക്കിയ 230 ഏക്കറോളം നിലം 55 കോടി രൂപയ്ക്ക് അയാള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കെജിഎസ് ഗ്രൂപ്പ് എന്ന കമ്പനിക്ക് വിറ്റു എന്നും 23 കോടി രൊക്കം കിട്ടി എന്നും ബാക്കി 30 കോടി രൂപ കിട്ടാനുണ്ട് എന്നുമാണ് അയാള്‍ പറയുന്നത്.

ഭൂമി വാങ്ങിയ ഗ്രൂപ്പ് കുറച്ചുദിവസം കഴിഞ്ഞ് അവിടെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അവര്‍ കിറ്റ്‌കൊ എന്ന സ്ഥാപനത്തെക്കൊണ്ട് 100 ഏക്കറില്‍ സ്ഥാപിക്കുന്ന ഒരു ചെറിയ വിമാനത്താവളത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ച് പ്രാഥമിക അനുമതി നേടുന്നു. അപ്പോഴും ഗ്രാമവാസികള്‍ക്ക് വലിയ ആശങ്കയൊന്നും തോന്നുന്നില്ല.

എന്നാല്‍ ഗ്രാമവാസികളെ ഞെട്ടിച്ചത് ഈ 230 ഏക്കര്‍ നിലത്തിന് ചുറ്റുമുള്ള 2500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി വ്യവസായ വകുപ്പ് നോട്ടിഫൈ ചെയ്തിരിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. പരമ്പരാഗതമായി തങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമിയും അധിവസിക്കുന്ന ഭവനങ്ങളും ആരാധനാലയങ്ങളും പൈതൃകവും സംസ്‌കാരവുമെല്ലാം വളരെ യാദൃശ്ചികമായി ആര്‍ക്കോ വേണ്ടി നഷ്ടപ്പെടുത്തി വഴിയാധാരമാകേണ്ടി വരുന്ന ഒരു ഗ്രാമം. നിവര്‍ത്തിയില്ലാതെ അവര്‍ സമരം ആരംഭിക്കുന്നു. സിംഗൂരില്‍ നടന്നതിന്റെ തനിയാവര്‍ത്തനം, ഇവിടെ സമരം നാളിതുവരെ അക്രമാസക്തമായിട്ടില്ല എന്നു മാത്രം.
ഇന്ന് കേരളത്തിലെ ഏതു ഗ്രാമത്തിലും സംഭവിക്കാവുന്ന ഒന്നാണ് ആറന്മുളയില്‍ സംഭവിച്ചിരിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളില്‍ മിക്കതിലും പാഴായി കിടക്കുന്ന തരിശ് ഭൂമികളത്രയും ആരൊക്കെയോ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഒരുപക്ഷെ ഇപ്പോള്‍ ആ ഗ്രാമവാസികള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ല. വഴിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത നീര്‍ത്തടങ്ങളും തരിശായി കിടക്കുന്ന പാടങ്ങളുമാണ് ഇവര്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുന്നത്. പാക്കിസ്ഥാനിലടിച്ച കള്ളനോട്ടും കള്ളപ്പണവും ചെലവഴിക്കുന്നതിന് കണ്ടുപിടിച്ച ഒരു മാര്‍ഗം.

വ്യവസായ വകുപ്പിന് സംസ്ഥാനത്തെ ഏത് ഭൂമിയും വ്യാവസായിക ആവശ്യത്തിന് ഏറ്റെടുക്കാം എന്നാണ് നിയമം. ഭൂമാഫിയകള്‍ അവര്‍ വാങ്ങിക്കൂട്ടുന്ന സ്ഥലത്ത് തക്കം കിട്ടുമ്പോള്‍ ഏതെങ്കിലും ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിക്കും. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥന്മാരേയും സ്വാധീനിച്ച് വ്യവസായ വകുപ്പിനെക്കൊണ്ട് ചുറ്റുപാടുമുള്ള ഭൂമികള്‍ ഏറ്റെടുക്കും. അപ്പോള്‍ വഴിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഭൂമിയുടെ ചുറ്റുമുള്ള നല്ല വസ്തുക്കള്‍ കൂടി അവരുടെ കൈവശമെത്തും. ഭൂമികള്‍ കാലങ്ങളായി കൈവശം വെച്ച് അവിടെ അധിവസിച്ചിരുന്ന പാവപ്പെട്ട ഗ്രാമീണര്‍ അതെല്ലാം വിട്ട് പലായനം ചെയ്യേണ്ടി വരും. ഭൂമാഫിയ വാങ്ങി കൂട്ടിയ പാഴ്‌വസ്തുക്കളുടെ വില പതിന്മടങ്ങ് വര്‍ധിക്കും. അവര്‍ അവിടെ എന്തെങ്കിലും ചെറിയ വ്യവസായം ആരംഭിച്ചാലായി, ഇല്ലെങ്കിലും ആരു ചോദിക്കാന്‍?

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ എന്നുപറഞ്ഞ് ആരും നാട്ടുകാരില്‍നിന്നും ഭൂമി വാങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമെത്തിയ ഭൂമി നിയമപരമായി കൈവശം വയ്ക്കാവുന്നതിലധികം വിസ്തൃതിയുള്ളതാണെന്നും നിലങ്ങളും നീര്‍ത്തടങ്ങളുമാണെന്നും അവ നികത്തി വിനിയോഗിക്കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മനസ്സിലായപ്പോള്‍ ഈ നിയമ തടസ്സങ്ങളെ മറികടക്കാന്‍ വേണ്ടി പ്രഖ്യാപിച്ചതാണ് ഈ അന്തര്‍ദ്ദേശീയ വിമാനത്താവളം.

ഭൂമാഫിയകളെ സംബന്ധിച്ചിടത്തോളം ആറന്മുള ഒരു ടെസ്റ്റ് ഡോസാണ്. ഈ സമരം പരാജയപ്പെട്ടാല്‍ ഭൂമാഫിയകള്‍ കേരളത്തില്‍ അഴിഞ്ഞാടും.
ഈ കെജിഎസ് ഗ്രൂപ്പ് മറ്റൊരു ടീം സോളാര്‍ അല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? വിമാനത്താവളത്തിന്റെ പേരില്‍ അവര്‍ ഷെയര്‍ വില്‍ക്കാതിരിക്കുന്നത് സമരം നടക്കുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയെ വിശ്വസിച്ച് സരിതയേയും ബിജു രാധാകൃഷ്ണനേയും പണമേല്‍പ്പിച്ച് കബളിപ്പിക്കപ്പെട്ടവരെ പിന്നീട് മുഖ്യമന്ത്രി കൈമലര്‍ത്തി കാണിച്ചതു കണ്ടില്ലേ? അതുപോലെ ഇവരില്‍നിന്നും ഷെയര്‍ എടുത്ത് കബളിപ്പിക്കപ്പെടുന്നവരെ മുഖ്യമന്ത്രി കൈമലര്‍ത്തി കാണിക്കില്ലെന്ന് എന്താണുറപ്പ്? മുഖ്യമന്ത്രിക്ക് കുറെക്കാലം കൂടി കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ കഴിഞ്ഞേക്കാം.

ഒരു കാര്യം കൂടി, ഈ ആറന്മുള ഗ്രാമം അറിയുമല്ലോ? പമ്പയാറിന്റെ തീരത്ത് നാലഞ്ചുകുന്നുകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന നിലങ്ങളും നീര്‍ത്തടങ്ങളും നിറഞ്ഞ പ്രദേശം. ഇവിടം മണ്ണിട്ട് നികത്തിയാലുള്ള അവസ്ഥ അലോചിച്ചിട്ടുണ്ടോ? 2013 മെയ് 31 വെള്ളിയാഴ്ചയിലെ മലയാള മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ വറുഗീസ് സി.തോമസിന്റെ സൊമാലിയ എന്ന ജല ദുരന്തം എന്ന ലേഖനത്തിന്റെ താഴെ പറയുന്ന ഭാഗം ഞാന്‍ സുഹൃത്തിനെ വായിച്ചുകേള്‍പ്പിച്ചു. ”ജലക്ഷാമം പരിഹരിക്കുന്ന വ്യക്തി രണ്ട് നൊബേല്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹനാണ്. ഒന്ന് ശാസ്ത്രത്തിനും രണ്ടാമത്തേത് സമാധാനത്തിനും.” ജോണ്‍ എഫ്. കെന്നഡിയുടെ ഈ വാക്കുകളില്‍ കേരളത്തിനുള്ള ഒരു മുന്നറിയിപ്പുമുണ്ട്. ഭാവിയില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ വെള്ളത്തിനായി യുദ്ധം വരെ നടന്നേക്കാം.

ഒരുകാലത്ത് സൊമാലിയയുടെ ചില ഭാഗങ്ങള്‍ കേരളം പോലെ ഹരിതാഭമായിരുന്നു. വികസനം വന്നപ്പോള്‍ ജനം കൃഷി ഉപേക്ഷിച്ചു പാടം നികത്തി ധാന്യം ഇറക്കുമതി ചെയ്തു. പുല്‍പ്പുറങ്ങള്‍ കുറഞ്ഞതോടെ മൃഗസമ്പത്ത് ശോഷിച്ചു. പല വയലുകളും ഗോള്‍ഫ് മൈതാനങ്ങളായി. മഴ വിട്ടുനിന്നു. വരള്‍ച്ച പിടിമുറുക്കി. വനം വെട്ടി കരിയാക്കിയാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാമെന്ന് തിരിച്ചറിഞ്ഞതോടെ ജനം വനത്തിലേക്ക് കയറി. കാല്‍ നൂറ്റാണ്ടുകൊണ്ട് വന്‍മരങ്ങളെല്ലാം നിലം പതിച്ചു. സര്‍ക്കാരില്ല, ഭരണമില്ല. എവിടെയും കൊല്ലും കൊലയും പണമുണ്ടാക്കലും മാത്രം.

ഇന്ന് ലോകത്തെ പട്ടിണിയുടെ തലസ്ഥാനമാണ് സൊമാലിയ. ഭക്ഷണത്തിന് നീണ്ട നീണ്ട ക്യൂ. വെള്ളത്തിന് നെട്ടോട്ടം, പട്ടിണിയുടെ പേക്കോലങ്ങളായ കുഞ്ഞുങ്ങള്‍…….. പ്രാണികളെ പാകം ചെയ്തു കഴിക്കാന്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന ആ രാജ്യത്തെ ഉപദേശിച്ചിരിക്കയാണ്. ഭൂപടമെടുത്തു നോക്കുക. തിരുവനന്തപുരത്ത് നിന്ന് ഒരു നേര്‍രേഖ വരച്ചാല്‍ ചെന്നു നില്‍ക്കുന്നത് 3000 കി.മീ. പടിഞ്ഞാറു സൊമാലിയയില്‍. കേരളവും സൊമാലിയയും ഒരു നേര്‍ രേഖ (അക്ഷാംശം പത്തു ഡിഗ്രി) പങ്കിടുന്നു.

കേരളത്തിലേക്ക് വരുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ തന്നെയാണ് സൊമാലിയയിലും മഴ കൊണ്ടുവരുന്നത്. പകുതിയിലേറെയും മരുഭൂമിയാണെങ്കിലും സൊമാലിയയുടെ ബാക്കിഭാഗത്ത് വനവും വെള്ളവും നദിയുമുണ്ടായിരുന്നു.
പ്രകൃതിയുടെ താഡനത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ആളില്ലാതെ പോയതാണോ. അതോ അവയെല്ലാം അവഗണിച്ചതാണോ കാരണം. എന്തായാലും സൊമാലിയ മറ്റു പ്രദേശങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്. ഞാന്‍ വായിച്ചു നിര്‍ത്തി. അവന്‍ പറഞ്ഞു. ഇതൊന്നും എനിക്കറിയില്ലായിരുന്നു. എന്തായാലും സൊമാലിയയിലെ അനുഭവം കേരളത്തില്‍ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്.

Movies

Arts

Books